ഇസ്ലാമാബാദ്: പാകിസ്ഥാനിൽ നടന്ന നിർണായകമായ യുഎസ്-ഇറാൻ സമാധാന ചർച്ചകൾ പരാജയപ്പെട്ടതായി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്. 21 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ ഒരു ധാരണയിലെത്താൻ സാധിച്ചില്ലെന്നും, ഇത് അമേരിക്കയേക്കാൾ കൂടുതൽ ഇറാനാണ് തിരിച്ചടിയാവുകയെന്നും അദ്ദേഹം വ്യക്തമാക്കി.
തങ്ങളുടെ നിലപാടുകളും വിട്ടുവീഴ്ച ചെയ്യാൻ കഴിയാത്ത കാര്യങ്ങളും വ്യക്തമായി ഇറാനെ അറിയിച്ചുവെന്നും എന്നാൽ അമേരിക്ക മുന്നോട്ടുവെച്ച നിബന്ധനകൾ അംഗീകരിക്കാൻ ഇറാൻ തയ്യാറായില്ലെന്നും വാൻസ് പറഞ്ഞു. ഇറാൻ ദീർഘകാലത്തേക്ക് ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന ഉറപ്പാണ് അമേരിക്ക പ്രധാനമായും ആവശ്യപ്പെട്ടത്. എന്നാൽ ഈ ഉറപ്പ് ഇറാന്റെ ഭാഗത്ത് നിന്നും ലഭിച്ചില്ലെന്നും വാൻസ് വ്യക്തമാക്കി.